
ഡിസംബറിലെ തണുത്തുറഞ്ഞ ഒരു സായാഹ്നം, ഫ്രംലി പാർക്ക് ഹോസ്പിറ്റലിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പിൽ ഏകദേശം 30 വയസ്സ് കഴിഞ്ഞ ഒരു യുവതി ബസ്സും കാത്തിരിക്കുന്നു .ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ മഞ്ഞുതുള്ളികൾ ഊർന്നിറങ്ങുന്നുണ്ട്. തിരക്കില്ലാത്ത ആ സായാഹ്നത്തിൽ ബസ്റ്റോപ്പിൽ കുറച്ച് അപ്പുറത്തായി ഒരു നരച്ച മുടിയും താടിയും ഉള്ള ഏകദേശം 75 കഴിഞ്ഞ ഒരു മനുഷ്യനും ഇരിപ്പുണ്ട്. തണുപ്പ് അദ്ദേഹത്തെ ബാധിച്ചതായി തോന്നുന്നില്ല.
സുസ്മേര വദനനായി അകലേക്ക് നോക്കിയിരിക്കുന്ന ആ മനുഷ്യൻ ഇടയ്ക്ക് ലൂസിയെ നോക്കുന്നുണ്ട്.ഗർഭിണിയായ ലൂസിയെ നോക്കി അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.”ഇനി എത്ര നാൾ കൂടിയുണ്ട്”.
ലൂസി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.” രണ്ടുമാസം കൂടിയുണ്ട്”
“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ”.വൃദ്ധൻ മറുപടിയായി പറഞ്ഞു .
ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ വീണ്ടും ചോദിച്ചു. “സഹായത്തിന് ആരൊക്കെയുണ്ട്”.
ലൂസി ദൃഢനിശ്ചയത്തോടെ പറഞ്ഞു. “ഞാൻ മാത്രം, പിന്നെ ഇപ്പോൾ നിങ്ങൾ ആശംസിച്ച ദൈവവും”.
വൃദ്ധൻ പറഞ്ഞു.”എല്ലാം ഭംഗിയായി വരട്ടെ”.
ലൂസി ചെറുപുഞ്ചിരിയോടുകൂടി നന്ദി പറഞ്ഞു.
മഞ്ഞു വീഴ്ച അല്പം ശക്തമായത് പോലെ.പെട്ടെന്ന് തന്നെ ഒരു ബസ്, സ്റ്റോപ്പിന്റെ മുൻപിലേക്ക് കടന്നുവന്നു. ലൂസി സാവധാനം തന്റെ ഹാൻഡ് ബാഗ് എടുത്തുകൊണ്ട് ആ വൃദ്ധന്റെ അടുത്തേക്ക് ചെന്നു.അദ്ദേഹം അവളെ ഒരു നിസംഗ ഭാവത്തോടെ നോക്കി.
ലൂസി ആ മനുഷ്യൻറെ തോളിൽ തട്ടിയിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ” ഡാഡി എണീക്ക് നമുക്ക് വീട്ടിൽ പോകാം”.
എന്നിട്ട് സാവധാനം ആ മനുഷ്യൻറെ കൈപിടിച്ചുകൊണ്ട് ബസ്സിനുള്ളിലേക്ക് കയറിപ്പോയി.ലൂസി അൽഷിമേഴ്സ് ബാധിച്ച തന്റെ പിതാവിനെയും കൊണ്ട് സാധാരണമായുള്ള ചെക്കപ്പിന് വന്നതായിരുന്നു ഹോസ്പിറ്റലിൽ.
2000 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബർ മാസത്തിൽ പൂർണ്ണ ഗർഭിണിയായ ഭാര്യയും കൊണ്ട് ഒന്ന് വിശ്രമിക്കാൻ ഇടം തേടി നടന്ന ഒരു കുടുംബം ഉണ്ടായിരുന്നു.ലോക ചരിത്രത്തെ മാറ്റിമറിച്ച നമ്മുടെ രക്ഷകനായി യേശുക്രിസ്തുവിന്റെ കുടുംബം. അവർക്ക് സഞ്ചരിക്കാൻ വാഹനങ്ങളോ, പരിചരിക്കാൻ ഡോക്ടർമാരോ, കിടക്കുവാൻ വീടോ ഉണ്ടായിരുന്നില്ല. ഒന്നുമില്ലായ്മയിൽനിന്ന് ഒരുകാലി തൊഴുത്തിൽ ലോകരക്ഷകനായ ക്രിസ്തു ,മിശിഹാ പിറന്നു.ആ രക്ഷകനിലുള്ള വിശ്വാസമാണ്, പ്രതീക്ഷയാണ് നൂറ്റാണ്ടുകൾക്ക് ഇപ്പുറം ലൂസിയെ മുന്നോട്ടു നയിക്കുന്നത്.
ആരും കൂടെയില്ല എങ്കിലും, എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും, മിശിഹായുടെ കരുതൽ ഉണ്ടെങ്കിൽ ഒരു ജീവിതം ധന്യമത്രേ.മാനുഷികമായി ചിന്തിച്ചാൽ 24 മണിക്കൂറും പരിചരണം ആവശ്യമുള്ള തന്റെ പിതാവിനെയും ജനിക്കുവാനിരിക്കുന്ന കുട്ടിയെയും കൊണ്ട് മുന്നോട്ടുപോകുവാൻ ലൂസിക്ക് സാധിക്കുകയില്ല.ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസവും പ്രത്യാശയും ജീവിതത്തെ സന്തോഷത്തോടുകൂടി നേരിടുവാൻ അവളെ പര്യാപ്തമാക്കി.
2024 ലെ ഈ ക്രിസ്മസ് കാലത്ത് ഒരു ചെറു പുഞ്ചിരിയോടുകൂടി നമുക്ക് ജീവിതത്തെ നേരിടാം.കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിലേക്ക് മാത്രം നമ്മുടെ ശ്രദ്ധ തിരിയട്ടെ.ഒരു മന്ദമാരുതനെ പോലെ അവിടുത്തെ അനുഗ്രഹം നമ്മുടെ ജീവിതത്തെ തലോടിക്കൊണ്ടിരിക്കും.എല്ലാവർക്കും ക്രിസ്മസിന്‍റെ മംഗളങ്ങൾ നേരുന്നു. 24 ാം തിയതി രാത്രിയിൽ നിങ്ങളും വരുമല്ലോ, നമുക്ക് ഒരുമിച്ച് ഉണ്ണിയേശുവിൻറെ അനുഗ്രഹം പ്രാപിക്കാം.
The article is written by Tojo Alex, one of the Custodian of St.Bernadette mission -19/12/2024